Month: ജൂൺ 2023

ഓരോ ചുവടിലും

തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ ഉൾക്കൊള്ളുന്ന ഒരു ഡസൻ ടീമുകൾ നാല് കാലിലുള്ള ഓട്ടമത്സരത്തിനു തയ്യാറായി. ഇരുവശത്തും നിൽക്കുന്നവരുടെ ഓരോ കാൽ നടുവിലുള്ള വ്യക്തിയുടെ ഇരു കാലുകളിലും കണങ്കാലിലും കാൽമുട്ടിലും വർണ്ണാഭമായ തുണിക്കഷണങ്ങൾ കൊണ്ടു ചേർത്തു കെട്ടി. ഓരോ മൂവരും ഫിനിഷിംഗ് ലൈനിൽ കണ്ണുനട്ടു. വിസിൽ മുഴങ്ങിയപ്പോൾ ടീമുകൾ മുന്നോട്ട് കുതിച്ചു. ഇവരിൽ ഭൂരിഭാഗവും വീഴുകയും ചുവടുറപ്പിക്കാൻ പാടുപെടുകയും ചെയ്തു. കുറച്ച് ഗ്രൂപ്പുകൾ നടക്കുന്നതിന് പകരം ചാടാൻ ശ്രമിച്ചു. ചിലർ പിന്തിരിഞ്ഞു. എന്നാൽ ഒരു ടീം അവരുടെ തുടങ്ങാൻ വെകി, അവരുടെ പ്ലാൻ പറഞ്ഞുറപ്പിച്ചു, അവർ മുന്നോട്ട് നീങ്ങുമ്പോൾ ആശയവിനിമയം നടത്തി. അവർ വഴിയിൽ ഇടറിവീണു, എന്നിട്ടും മുന്നോട്ടു നീങ്ങി, താമസിയാതെ എല്ലാ ടീമുകളെയും മറികടന്നു. ഓരോ ചുവടിലും സഹകരിക്കാനുള്ള അവരുടെ സന്നദ്ധത, ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടക്കാൻ അവരെ പ്രാപ്തമാക്കി.

യേശുവിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൽ ദൈവത്തിനായി ജീവിക്കുന്നത് പലപ്പോഴും നാല് കാലിലുള്ള ഓട്ടക്കാർ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതുപോലെ നിരാശാജനകമാണ്. നമ്മിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ പലപ്പോഴും ഇടറിപ്പോകാറുണ്ട്.

പ്രാർത്ഥനയെക്കുറിച്ചും അതിഥിസൽക്കാരത്തെക്കുറിച്ചും വരാനിരിക്കുന്ന ജീവിതത്തിനായി ഐക്യത്തിൽ നമ്മെത്തന്നെ അണിനിരത്താൻ നമ്മുടെ വരങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പത്രൊസ് സംസാരിക്കുന്നു. “തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ” (1 പത്രൊസ് 4:8), പരാതിപ്പെടാതെ ആതിഥ്യമര്യാദ കാണിക്കുക, “വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ” (വാ. 10) എന്ന് അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ആശയവിനിമയം നടത്താനും സഹകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, ഭിന്നതകൾ എങ്ങനെ ആഘോഷിക്കാമെന്നും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാമെന്നും ലോകത്തിനു കാണിച്ചുകൊണ്ട് നമുക്ക് ഓടാനാകും.

ശുദ്ധമായ ഭക്തി

കോളേജിലെ രണ്ടാം വർഷത്തിനു ശേഷമുള്ള വേനൽക്കാലത്ത്, ഒരു സഹപാഠി അപ്രതീക്ഷിതമായി മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, അന്നവൻ സുഖമായി കാണപ്പെട്ടു. ഞാനും എന്റെ സഹപാഠികളും ചെറുപ്പമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനമെന്ന് ഞങ്ങൾ കരുതിയിരുന്ന കാര്യങ്ങളിൽ, ജീവിതകാലം മുഴുവൻ സഹോദരിമാരും സഹോദരന്മാരും ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ എന്റെ സഹപാഠിയുടെ മരണത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത്, എന്റെ സുഹൃത്തുക്കൾ അപ്പൊസ്തലനായ യാക്കോബ് “ശുദ്ധമായ ഭക്തി” എന്ന് വിളിച്ചത് (യാക്കോബ് 1:27) ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു സാക്ഷ്യം വഹിച്ചതാണ്. സാഹോദര കൂട്ടായ്മയിലെ പുരുഷന്മാർ മരിച്ചയാളുടെ സഹോദരിക്ക് സഹോദരങ്ങളെപ്പോലെയായി. അവർ അവന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അവന്റെ സഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കുകയും അവൾക്കു കുഞ്ഞുജനിച്ചപ്പോൾ കുഞ്ഞിനു പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അവൾക്ക് വിളിക്കേണ്ടിവരുമ്പോഴെല്ലാം അവനെ ബന്ധപ്പെടാൻ ഒരാൾ അവൾക്ക് ഒരു സെൽഫോൺ സമ്മാനിച്ചു.

യാക്കോബിന്റെ അഭിപ്രായത്തിൽ ശുദ്ധവും നിർമ്മലവുമായ ഭക്തി, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്” ആകുന്നു (വാ. 27). എന്റെ സുഹൃത്തിന്റെ സഹോദരി അക്ഷരാർത്ഥത്തിൽ അനാഥയായിരുന്നില്ലെങ്കിലും അവൾക്ക് അവളുടെ സഹോദരൻ ഇല്ലായിരുന്നു. അവളുടെ പുതിയ “സഹോദരന്മാർ” ആ വിടവ് നികത്തി.

യേശുവിൽ സത്യവും നിർമ്മലവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്നത് അതാണ് - ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നത് ഉൾപ്പെടെ (2:14-17) “[വചനം] ചെയ്യുവരായിരിക്കുക” (വാ. 22). അവനിലുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ദുർബലരായവരെ കരുതുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനുമുപരി, അത് ദൈവം അംഗീകരിക്കുന്ന യഥാർത്ഥ ഭക്തിയാണ്.

സ്വാതന്ത്ര്യത്തിൽ ജീവിക്കുക

ഞാൻ ജനിച്ചുവളർന്ന, അമേരിക്കയിലെ ടെക്‌സാസിൽ എല്ലാ ജൂൺ 19 നും കറുത്തവർഗ്ഗക്കാരുടെ ഉത്സവ പരേഡുകളും പിക്‌നിക്കുകളും ഉണ്ടായിരുന്നു. കൗമാരപ്രായത്തിലെത്തിയ ശേഷമാണ് ഞാൻ ജൂൺറ്റീന്തിന്റെ ('ജൂൺ,''നൈന്റ്‌റീന്ത്്' എന്നീ വാക്കുകളുടെ സംയുക്തം) ഹൃദയഭേദകമായ പ്രാധാന്യം മനസ്സിലാക്കിയത്. അമേരിക്കയിലെ അടിമകളായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രണ്ടര വർഷം മുമ്പ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി1865 ൽ ടെക്‌സാസിലെ ആളുകൾ അറിഞ്ഞ ദിവസമാണത്. ആ രണ്ടര വർഷവും ടെക്‌സാസിലെ അടിമകളായ ആളുകൾ അടിമത്തത്തിൽ ജീവിച്ചു, കാരണം അവർ മോചിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയില്ലായിരുന്നു.

സ്വതന്ത്രരാകാനും അടിമകളായി ജീവിക്കാനും സാധിക്കും. ഗലാത്യലേഖനത്തിൽ, പൗലൊസ് മറ്റൊരു തരത്തിലുള്ള അടിമത്തത്തെക്കുറിച്ച് എഴുതി: മതനിയമങ്ങളുടെ കർക്കശമായ ആവശ്യങ്ങൾക്ക് കീഴിലുള്ള ജീവിതം. ഈ സുപ്രധാന വാക്യത്തിൽ, പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ 5:1). എന്തു ഭക്ഷിക്കണം, ആരുമായി സൗഹൃദം പുലർത്തണം എന്നതുൾപ്പെടെയുള്ള ബാഹ്യ നിയന്ത്രണങ്ങളിൽ നിന്ന് യേശുവിലുള്ള വിശ്വാസികൾ സ്വതന്ത്രരായിരുന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും അടിമകളെപ്പോലെ ജീവിച്ചു.

നിർഭാഗ്യവശാൽ, ഇന്ന് നമുക്ക് അതേ കാര്യം ചെയ്യാൻ കഴിയും. എന്നാൽ നാം അവനിൽ ആശ്രയിച്ച നിമിഷം തന്നെ മനുഷ്യനിർമ്മിത മതപരമായ മാനദണ്ഡങ്ങളെ ഭയന്ന് ജീവിക്കുന്നതിൽ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കി എന്നതാണ് യാഥാർത്ഥ്യം. യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ ശക്തിയിൽ നമുക്ക് ജീവിക്കാം.

ഗോ-കാർട്ടുകൾ നന്നാക്കുക

എന്റെ കുട്ടിക്കാലത്തെ വീടിന്റെ ഗാരേജ് ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്നതാണ്. ശനിയാഴ്ച രാവിലെ, ഡാഡി ഞങ്ങളുടെ കാർ പുറത്തിറക്കിയിടും, ജോലി ചെയ്യാൻ ഗൈരേജിനുള്ളിൽ ഇടമുണ്ടാക്കാനായിരുന്നു അത്. ഞങ്ങൾ കണ്ടെത്തിയ ഒരു തകർന്ന ഗോ-കാർട്ട് (ഒരു ചെറിയ റേസിംഗ് കാർ) ആയിരുന്നു എന്റെ പ്രിയപ്പെട്ട പ്രോജക്റ്റ്. ആ ഗാരേജിന്റെ തറയിൽ, ഞങ്ങൾ അതിന് പുതിയ ചക്രങ്ങൾ പിടിപ്പിച്ചു, ഒരു സ്‌പോർടി, പ്ലാസ്റ്റിക് വിൻഡ്ഷീൽഡ് ഘടിപ്പിച്ചു. പിന്നീട് ഡാഡി റോഡിലിറങ്ങി വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കുമ്പോൾ ഞാൻ വളരെ ആവേശത്തോടെ റോഡിലേക്ക് ഗോൃകാർട്ട് ഓടിക്കും! തിരിഞ്ഞുനോക്കുമ്പോൾ, ഗോ-കാർട്ടുകൾ ശരിയാക്കുന്നതിലും കൂടുതൽ കാര്യങ്ങൾ ആ ഗാരേജിൽ നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു കൊച്ചുകുട്ടിയെ അവന്റെ പിതാവ് രൂപപ്പെടുത്തുകയായിരുന്നു-ആ പ്രക്രിയയിൽ അവൻ ദൈവത്തെ കാണുകയും ചെയ്തു.

മനുഷ്യർ ദൈവത്തിന്റെ സ്വന്തം പ്രകൃതിക്കനുസരിച്ചാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്പത്തി 1:27-28). മനുഷ്യ രക്ഷാകർതൃത്വത്തിന്റെ ഉത്ഭവം ദൈവത്തിൽ നിന്നാണ്, കാരണം അവൻ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ'' പിതാവാണ് (എഫെസ്യർ 3:14-15). കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവന്നതിലൂടെ മാതാപിതാക്കൾ ദൈവത്തിന്റെ ജീവദായകമായ കഴിവുകൾ അനുകരിക്കുന്നതുപോലെ, അവർ തങ്ങളുടെ കുഞ്ഞുങ്ങളെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളിൽ നിന്നല്ല, പിതാവായ ദൈവത്തിൽ നിന്നുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്. എല്ലാ രക്ഷാകർത്തൃത്വത്തിന്റെയും അടിസ്ഥാനമായ മാതൃകയാണ് അവൻ.

എന്റെ പിതാവ് തികഞ്ഞവനായിരുന്നില്ല. എല്ലാ മാതാപിതാക്കളെയും പോലെ, എന്റെ മാതാപിതാക്കളും ചിലപ്പോൾ സ്വർഗ്ഗത്തെ അനുകരിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, അത് പലപ്പോഴും ദൈവത്തെ അനുകരിച്ചപ്പോൾ, അത് ദൈവത്തിന്റെ സ്വന്തം പോഷിപ്പിക്കലിന്റെയും സംരക്ഷണത്തിന്റെയും ഒരു ദർശനം എനിക്ക് നൽകി - ഞങ്ങൾ ഗാരേജിന്റെ തറയിൽ ഗോ-കാർട്ടുകൾ ഉറപ്പിക്കുന്ന ആ നിമിഷം തന്നേ.

ശബ്ദത്തിന്റെ ശക്തി

ചരിത്രത്തിലെ ഏറ്റവും ശക്തരായ വാഗ്മികൾ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പലപ്പോഴും അവരുടെ ശബ്ദം ഉപയോഗിച്ച നേതാക്കളാണ്. ഫ്രെഡറിക് ഡഗ്ലസിനെ കുറിച്ചു ചിന്തിക്കുക. ഉന്മൂലനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ അടിമത്തത്തിന് അന്ത്യം കുറിച്ച ഒരു പ്രസ്ഥാനത്തിനു പ്രോത്സാഹനമായി. അദ്ദേഹം മിണ്ടാതിരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലോ? സംസാരിക്കാനുള്ള ഭയം തളർത്തിയേക്കാമെങ്കിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സഹായിക്കാനും നമ്മുടെ ശബ്ദം ഉപയോഗിക്കാനുള്ള കഴിവ് നമുക്കെല്ലാവർക്കും ഉണ്ട്. ഈ ഭയത്താൽ നാം തളർന്നുപോകുന്ന നിമിഷങ്ങളിൽ, ദൈവിക ജ്ഞാനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായ ദൈവത്തിലേക്ക് നമുക്കു നോക്കാം.

ദൈവം യിരെമ്യാവിനെ ജനതകളുടെ പ്രവാചകനാകാൻ വിളിച്ചപ്പോൾ, അവൻ ഉടൻതന്നെ സ്വന്തം കഴിവുകളെ സംശയിക്കാൻ തുടങ്ങി. അവൻ നിലവിളിച്ചു: ''അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ'' (യിരെമ്യാവ് 1:6). എന്നാൽ തന്റെ ശബ്ദത്തിലൂടെ ഒരു തലമുറയെ പ്രചോദിപ്പിക്കാനുള്ള ദൈവിക വിളിയുടെ വഴിയിൽ യിരെമ്യാവിന്റെ ഭയം കടന്നുവരാൻ ദൈവം അനുവദിച്ചില്ല. പകരം, താൻ കൽപ്പിക്കുന്നതെന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ വിശ്വസിക്കാൻ അവൻ പ്രവാചകനോട് നിർദ്ദേശിച്ചു (വാ. 7).യിരെമ്യാവിനെ സ്ഥിരീകരിച്ചതിനു പുറമേ, അവൻ അവനെ സജ്ജനാക്കുകയും ചെയ്തു. “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു” (വാ. 9), ദൈവം അവന് ഉറപ്പുനൽകി.

നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്നു കാണിച്ചുതരാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മുടെ ഉദ്ദേശ്യം നിറവേറ്റാൻ അവൻ നമ്മെ സജ്ജരാക്കും. അവന്റെ സഹായത്തോടെ, നമുക്ക് ചുറ്റുമുള്ളവരിൽ നല്ല സ്വാധീനം ചെലുത്താൻ നമ്മുടെ ശബ്ദത്തെ ധൈര്യത്തോടെ ഉപയോഗിക്കാം.